Click Here to Make "Smartgk.info" Your Home Page
   
 

അസ്‌ട്രോസാറ്റ്: പ്രപഞ്ചത്തിലേക്ക് തുറക്കുന്ന ഇന്ത്യന്‍ കണ്ണ്

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്‌കോപ്പാണ് അസ്‌ട്രോസാറ്റ്. വിദൂരഗാലക്‌സികള്‍ മുതല്‍ തമോഗര്‍ത്തങ്ങള്‍ വരെ നിരീക്ഷിക്കാന്‍ ടെലസ്‌കോപ്പിനാകും

ബഹിരാകാശ നിരീക്ഷണപേടകമായ അസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ, അഭിമാനാര്‍ഹമായ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ് ഇന്ത്യ.  അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പ് വിക്ഷേപിച്ച രാജ്യമായി ഇന്ത്യ മാറി. 

1513 കിലോഗ്രാം ഭാരമുള്ള അസ്‌ട്രോസാറ്റ് ( ASTROSAT )  ഭൂമധ്യരേഖാപ്രദേശത്ത് ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നീരീക്ഷണം നടത്തുക. ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂരിലെ 'മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സി'ന് ( MOX ) ആണ് അസ്‌ട്രോസാറ്റിന്റെ നിയന്ത്രണം.

പത്തുവര്‍ഷമെടുത്ത് ഐഎസ്ആര്‍ഒ വികസിപ്പിച്ച അസ്‌ട്രോസാറ്റ് അഞ്ചുവര്‍ഷം ഭ്രമണപഥത്തില്‍ സഞ്ചരിച്ച് പ്രപഞ്ചനിരീക്ഷണം നടത്തും.

ബാംഗ്ലൂരിലെ 'ഐഎസ്ആര്‍ഒ സാറ്റ്‌ലൈറ്റ് സെന്ററി'ല്‍ ( ISRO Satellite Centre ) മാസങ്ങള്‍ക്ക് മുമ്പുതന്നെ അസ്‌ട്രോസാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് നടത്തേണ്ട ടെസ്റ്റുകള്‍ അതിന് ശേഷം പൂര്‍ത്തിയാക്കി. 

    വിദൂര ഗാലക്‌സികളും എക്‌സ്‌റേ ഉറവിടങ്ങളും തമോഗര്‍ത്തങ്ങളും മുതല്‍ നക്ഷത്രജനനങ്ങള്‍ വരെ നിരീക്ഷിക്കാന്‍ ശേഷിയുള്ള അഞ്ച് പേലോഡുകള്‍ (നിരീക്ഷണോപകരണങ്ങള്‍) അസ്‌ട്രോസാറ്റിലുണ്ട്. 'മിനി ഹബ്ബിള്‍ ടെലസ്‌കോപ്പ്' എന്ന് അസ്‌ട്രോസാറ്റിനെ പലരും വിശേഷിപ്പിക്കുന്നു. ആ വിശേഷണം അര്‍ഹിക്കുന്നത്ര ക്ഷമതയേറിയ ഒബ്‌സര്‍വേറ്ററിയാണ് അസ്‌ട്രോസാറ്റ്. 

വൈദ്യുതകാന്തിക സ്‌പെക്ട്രത്തിലെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ അസ്‌ട്രോസാറ്റിന് ശേഷിയുണ്ട്. അള്‍ട്രാവയലറ്റിലും ദൃശ്യപ്രകാശത്തിലും ഉന്നതോര്‍ജ എക്‌സ്‌റേ തരംഗങ്ങളിലും നിരീക്ഷണം സാധ്യമാകും. ഇത്രയ്ക്ക് വൈവിധ്യമാര്‍ന്ന വിധം പ്രപഞ്ചനിരീക്ഷണം സാധ്യമാക്കുന്ന അധികം ടെലസ്‌കോപ്പുകള്‍ ഇന്ന് ലോകത്തില്ല. 

 

 

 

 

 

Description: ASTROSAT

അസ്‌ട്രോസാറ്റ് എന്താണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ വിവരിക്കുന്നത് ഇങ്ങനെ-

1. ന്യൂട്രോണ്‍ താരവും തമോഗര്‍ത്തവും ഉള്‍പ്പെട്ട ദന്ദ്വനക്ഷത്ര സംവിധാനങ്ങളിലെ ഉന്നതോര്‍ജ പ്രക്രിയ മനസിലാക്കുക
2.
ന്യൂട്രോണ്‍ താരങ്ങളുടെ കാന്തികമണ്ഡലം നിര്‍ണയിക്കുക
3.
നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയ്ക്ക് വെളിയില്‍ നക്ഷത്രങ്ങള്‍ പിറക്കുന്ന പ്രദേശങ്ങളെക്കുറിച്ച് പഠിക്കുക. നക്ഷത്രസംവിധാനങ്ങളിലെ ഉന്നതോര്‍ജ പ്രക്രിയകള്‍ അടുത്തറിയുക.
4.
വിദൂരപ്രപഞ്ചത്തില്‍ ഹൃസ്വവേളയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ എക്‌സ്‌റേ ഉറവിടങ്ങള്‍ കണ്ടെത്തുക.
5.
അള്‍ട്രാവയലറ്റ് തരംഗദൈര്‍ഘ്യപരിധിയില്‍ പ്രപഞ്ചത്തിന്റെ ഡീപ് ഫീല്‍ഡ് സര്‍വ്വെ നടത്തുക.
 

അസ്‌ട്രോസാറ്റിന്റെ സേവനം ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല, ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള മിക്ക സ്‌പേസ് ടെലസ്‌കോപ്പുകള്‍ക്കുമില്ലാത്ത ചില സവിശേഷതകളുള്ള നിരീക്ഷണപേടകമാണ് അസ്‌ട്രോസാറ്റ്, അതിനാല്‍ അതിന് താരപദവി തന്നെ നേടാനാകുമെന്ന് 'നേച്ചര്‍ ജേര്‍ണല്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

'ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു വലിയ മുന്നേറ്റമാണിത്'.

അന്തരീക്ഷം തടസ്സമാകാതിരിക്കാന്‍ 
ഭൂപ്രതലത്തില്‍നിന്ന് പ്രപഞ്ചനിരീക്ഷണം നടത്തുന്ന ടെലസ്‌കോപ്പുകളും നിരീക്ഷണാലയങ്ങളും രാജ്യത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. പുണെയ്ക്കടുത്തുള്ള
'ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പ്' ( Giant Metrewave Radio Telescope ), ലഡാക്കിലെ തണുപ്പില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി' ( Indian Astronomical Observatory ) തുടങ്ങിയ ഉദാഹരണം. 

റേഡിയോ തരംഗങ്ങളുടെയും ഇന്‍ഫ്രാറെഡ് വികിരണങ്ങളുടെയും തരംഗപരിധിയില്‍ വാനനിരീക്ഷണം നടത്താന്‍ മേല്‍പ്പറഞ്ഞ ടെലസ്‌കോപ്പുകള്‍ക്ക് സാധിക്കും. എന്നാല്‍, ഉയര്‍ന്ന ആവര്‍ത്തിയുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളും എക്‌സ്‌റേകളും ഉന്നതോര്‍ജ കിരണങ്ങളാണ്. അവയെ ഭൗമാന്തരീക്ഷം ആഗിരണം ചെയ്യും. അതിനാല്‍, ഭൂപ്രതലത്തില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളുപയോഗിച്ച് ഉന്നതോര്‍ജ പരിധിയില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുക സാധ്യമല്ല. അവിടെയാണ് ബഹിരാകാശ ടെലസ്‌കോപ്പിന്റെ പ്രസക്തി. 

പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.

സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമായ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചിട്ട് കാല്‍നൂറ്റാണ്ട് തികഞ്ഞത് അടുത്തയിടെയാണ്.

സ്പിറ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ ഇന്ത്യയ്ക്കും ബഹിരാകാശ ടെലസ്‌കോപ്പ് സ്വന്തമാകുമ്പോള്‍, ഇത്രകാലവും നാസയുടെയും യൂറോപ്യന്‍ യൂണിയന്റെയും സ്‌പേസ് ടെലസ്‌കോപ്പുകളെ ആശ്രയിച്ചിരുന്ന ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ആ പരാധീനതയില്‍നിന്ന് മോചനമാവുകയാണ്. 

എക്‌സ്‌റേ പഠനങ്ങളും, അള്‍ട്രാവയലറ്റ് പഠനങ്ങളും നടത്തുന്നതില്‍ ഇത്രകാലവും ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ പിന്നിലായിരുന്നതായി, പൂണെയില്‍ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിലെ ( IUCAA ) ഗവേഷകനും അസ്‌ട്രോസാറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളിയുമായ സോമക് റേചൗധരി സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പ് ഇല്ലാതിരുന്നതാണ് അതിന് കാരണം. 

അഞ്ച് ഉപകരണങ്ങള്‍, അപാര സാധ്യതകള്‍ 

നക്ഷത്രഭൗതികത്തിലെ (
Astrophysics ) വ്യത്യസ്ത പ്രക്രിയകളെയും പ്രതിഭാസങ്ങളെയും കുറിച്ച് ആഴത്തില്‍ അവബോധം ലഭിക്കാന്‍ സഹായിക്കുന്ന നിരീക്ഷണോപകരണങ്ങളാണ് (പേലോഡുകള്‍) അസ്‌ട്രോസാറ്റിലുള്ളതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. വിദൂര സ്രോതസ്സുകളില്‍നിന്നെത്തുന്ന ദൃശ്യപ്രകാശത്തെയും അള്‍ട്രാവയലറ്റ്, എക്‌സ് കിരണങ്ങളെയും ഈ ഉപകരണങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഭൂമിയിലെത്തിക്കും. 

വൈദ്യുതകാന്തിക വര്‍ണരാജിയിലെ ദൃശ്യപ്രകാശ പരിധിയെയും അള്‍ട്രാവയലറ്റ് പരിധികളെയും നിരീക്ഷിക്കാന്‍ ശേഷിയുള്ള 'അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ്' ( UVIT ) ആണ് അസ്‌ട്രോസാറ്റിലെ ഒരു നിരീക്ഷണോപകരണം. 'ലാര്‍ജ് ഏരിയ എക്‌സ്‌റേ പ്രൊപ്പോര്‍ഷണല്‍ സെന്റര്‍' ( LAXPC ) ആണ് മറ്റൊന്ന്. വ്യത്യസ്ത പ്രാപഞ്ചിക സ്രോതസ്സുകളില്‍നിന്നുള്ള എക്‌സ്‌റേ വരവിന്റെ വ്യതിയാനം കണക്കാക്കുകയാണ് ഈ ഉപകരണം ചെയ്യുക.

വിദൂര വസ്തുക്കളില്‍നിന്നെത്തുന്ന നിന്നെത്തുന്ന മൃദു എക്‌സ്‌റേ വര്‍ണരാജിക്ക് ( 0.3-8 keV range ) വ്യത്യസ്ത സമയങ്ങളിലുണ്ടാകുന്ന വ്യതിയാനം പഠിക്കാനുള്ള 'സോഫ്റ്റ് എക്‌സ്‌റേ ടെലസ്‌കോപ്പ്' ( SXT ) ആണ് അസ്‌ട്രോസാറ്റിലെ മൂന്നാമത്തെ ഉപകരണം. ഉന്നതോര്‍ജ എക്‌സ്‌റേ പരിധി ( 10-100 keV range ) നിരീക്ഷിക്കാനുള്ള ഉപകരണമാണ് 'കാഡ്മിയം സിന്‍ക് ടെല്ലുറൈഡ് ഇമേജര്‍' ( CZTI ). നെ നക്ഷത്രദിന്ദ്വങ്ങളിലും മറ്റുമുള്ള ശക്തിയേറിയ എക്‌സ്‌റേ ഉറവിടങ്ങള്‍ കണ്ടെത്താന്‍ ആകാശസര്‍വ്വേ നടത്തുക എന്നതാണ് അഞ്ചാമത്തെ ഉപകരണമായ 'സ്‌കാനിങ് സ്‌കൈ മോണിറ്ററി'ന്റെ ( SSM ) ദൗത്യം. ഹൃസ്വവേളയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ എക്‌സ്‌റേ ഉറവിടങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ഉപകരണമാണ് സഹായിക്കുക.

ഇത്രയും വൈവിധ്യമാര്‍ന്ന തരംഗദൈര്‍ഘ്യങ്ങളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശേഷിയുള്ള അധികം ബഹിരാകാശ പേടകങ്ങള്‍ നിലവിലില്ല-ബാംഗ്ലൂരില്‍ ഐഎസ്ആര്‍ഒയുടെ സാറ്റ്‌ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ മൈല്‍സ്വാമി അണ്ണാദുരൈ അറിയിക്കുന്നു. 'അതാണ് അസ്‌ട്രോസാറ്റിന്റെ ശക്തി'. തമോഗര്‍ത്തങ്ങളെയും നക്ഷത്രക്കൂട്ടങ്ങളെയും മറ്റ് പ്രാപഞ്ചിക പ്രതിഭാസങ്ങളെയും, ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ വ്യത്യസ്ത വര്‍ണരാജിയില്‍ നിരീക്ഷിച്ചാലേ കൃത്യമായ വിവരങ്ങള്‍ കിട്ടൂ. 'അസ്‌ട്രോസാറ്റിലെ എല്ലാ പേലോഡുകളും കൂടി കണക്കിലെടുത്താല്‍, ലോകത്ത് ഇന്നുവരെ ഒരു ബഹിരാകാശ നിരീക്ഷണാലയത്തിനും ഇത്രയും കവറേജ് സാധ്യമായിട്ടില്ല' - അണ്ണാദുരൈ പറയുന്നു. 

എക്‌സ്‌റേ നിരീക്ഷണത്തിന്റെ കാര്യത്തിലാണ് അസ്‌ട്രോസാറ്റ് ശരിക്കും വ്യത്യസ്തമാകുന്നത്. നിലിവിലുള്ള എക്‌സ്‌റേ സ്‌പേസ് ടെലസ്‌കോപ്പുകളെല്ലാം, ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളെ ആഴത്തില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. വൈവിധ്യമാര്‍ന്ന ആകാശപ്രതിഭാസങ്ങളെ ആഴത്തിലറിയാനുള്ള എക്‌സ്‌റേ നിരീക്ഷണപരിധി അവയ്ക്കില്ല എന്നതാണ് കാരണം. 

അസ്‌ട്രോസാറ്റ് അക്കാര്യത്തില്‍ മറ്റെല്ലാ ബഹിരാകാശ ടെലസ്‌കോപ്പുകളെയും കടത്തിവെട്ടുന്നു. അതുകൊണ്ടാണ്, അസ്‌ട്രോസാറ്റിന് താരപദവി ശാസ്ത്രലോകം നല്‍കുന്നതും. (വിവരങ്ങള്‍ക്ക് കടപ്പാട്: ISRO, Nature, Sept.24, 2015. ചിത്രങ്ങള്‍: ISRO).

 

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter